Talk To Me!!!

Friday, November 11, 2011

പണ്ഡിത യുഗം...

ഉടനെ മലയാളത്തില്‍ പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍:
ക) സന്തോഷ്‌ പണ്ഡിറ്റിന്റെ തിരഞ്ഞെടുത്ത ഡയലോഗുകള്‍ എന്ന പുസ്തകം
ഖ) പണ്ഡിറ്റ്‌ ഹിറ്റ്‌സ് എന്ന സിഡി
ഗ) സന്തോഷ്‌ പണ്ഡിറ്റിന്റെ പേരില്‍ ഒരു അവാര്‍ഡ്‌ (ഈ പ്രേം നസീര്‍ അവാര്‍ഡ്‌ ഒക്കെ പോലെ)
ഘ) വിവാഹത്തിനും, നിശ്ചയത്തിനും ഒന്നും എത്ര വില കൊടുത്താലും കിട്ടാത്ത രീതിയില്‍ വന്‍ ഡിമാന്‍ഡ് ആയി മാറുന്ന കോട്ട്!!
ങ) പണ്ഡിറ്റ്‌ജിയുടെ ചിത്രത്തിന്റെ ടിക്കറ്റ്‌ ബ്ലാക്കില്‍ വില്‍ക്കുന്നു!!!
ച) തരുണീമണികള്‍ടെ മനസ്സിലെ ശ്രീ കൃഷ്ണന്റെ രൂപത്തിന് മാറ്റം!!!
ഛ) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ആയി സന്തോഷ്!
ജ) ഐഡിയ സ്റാര്‍ സിങ്ങറില്‍ സെലെബ്രെറ്റി ജഡ്ജ് ആയി സന്തോഷ്!!
ഝ) സന്തോഷിന്റെ സിനിമയില്‍ വില്ലനായി ബാബുരാജ് ;)
....
....
അവസാനം, വികൃതി കാട്ടുകയോ, പഠിത്തം ഉഴാപ്പുകയോ ചെയ്യുന്ന പിള്ളേരോട് അച്ഛനും അമ്മയും "ഡാ നീ ഒക്കെ ആ സന്തോഷിനെ കണ്ടു പടിക്കെടാ" എന്ന് കൂടെ പറയുന്നത് കേട്ടാല്‍ തൃപ്തി ആയി.....

Tuesday, September 23, 2008

അന്നാമ്മച്ചേടത്തിയും, അച്ചായനും പിന്നെ ഗൂഗിളും...

കാലത്തു ചന്തയില്‍ പോത്തു വാങ്ങാന്‍ പോയ,
അച്ചായനിപ്പോഴും എത്തിയില്ലേ??
അന്നാമ്മച്ചേടത്തിക്കാകെയങ്ങുള്ളിലൊര-
ങ്കലാപ്പതിയാനിതെങ്ങു പോയി?

വഴിനീളെ കുര്‍ബാന കഴിഞ്ഞു മടങ്ങും, പെണ്‍-
പിള്ളേര്‍ടെ വായ്‌ നോക്കി നിക്കയാണോ.?!
പള്ളിക്കവലേലെ ടോമിച്ചനോടൊത്ത്‌,
കത്തിയും വച്ചങ്ങിരിപ്പാകുമോ??
ഇനി വല്ല വണ്ടിയുമിടിച്ചു വഴിവക്കില്‍,
ബോധമില്ലാതങ്ങു വീണു പോയോ??

രണ്ടു ചങ്കത്തടി, പിന്നൊരു നിലവിളി,
അന്നാമ്മച്ചേടത്തിക്കാധി മൂത്തു.
വീട്ടുകാരും, പിന്നെ നാട്ടുകാരും കൂടെ,
നോക്കാനിറങ്ങീ അച്ചായനെ.
ചന്തയിലില്ല, ടോമിച്ചനും കണ്ടില്ല,
പോയവര്‍ തിരികെ മടങ്ങി വന്നു.

അലമുറയിട്ടുകൊണ്ടന്നാമ്മച്ചേടത്തി,
ബോധം കെടുവാനായ്‌ ആഞ്ഞ നേരം,
കൊച്ചുമോന്‍ ജോസൂട്ടി ചാടിവന്നലറന്നു,
"അച്ചായന്‍ കവലേലെ ഷാപ്പിലൊണ്ട്‌"

കമ്പ്യൂട്ടര്‍ മുറിയില്‍നിന്നിറങ്ങാത്ത കൊച്ചനെ,
നോക്കിയെല്ലാവരും ചോദ്യ ഭാവേ...

"ഗൂഗിളെന്നുള്ളൊരു സൂത്രമുണ്ടമ്മച്ചി,
എന്തോന്നു വേണേലും കണ്ടെത്തിടാം.
അച്ചാച്ചനെവിടെന്നു ചോദിച്ച മാത്രയില്‍,
ഗൂഗിളു പറയുന്നു ഷാപ്പിലൊണ്ട്‌.
ഷാപ്പിന്റെ അഡ്രസ്സ്സും, പോകാനായ്‌ വഴികളും,
ഷാപ്പിന്റെ മെനുപോലും ഒണ്ട്‌, നോക്ക്‌!!"

അതിശയം, ആഹ്ലാദം, ആശ്വാസവും പേറി,
അന്നാമ്മച്ചേടത്തി ചൊല്ലിമെല്ലെ,
"ഗൂഗിളോ, നോബിളോ ആരാകിലെങ്കിലും,
സംഗതി സൂപ്പര്‍ഡാ കൊച്ചുമോനേ...!!"

Wednesday, March 26, 2008

ഒറിജിനാലിറ്റി

ഒരു ജൂണിയര്‍ ആര്‍ട്ടിസ്റ്റ്‌ ആയിരുന്നു സുജാതന്‍. ഒരിക്കല്‍ അവന്‌ ഒരു മരണ രംഗത്ത്‌ ശവമായി അഭിനയിക്കാനുള്ള നിയോഗം ഉണ്ടായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൈ നിറയെ ചിത്രങ്ങള്‍.. പക്ഷേ എല്ലാത്തിലും വേഷം ശവത്തിന്റേതാണെന്നു മാത്രം. കടല വില്‍പ്പനക്കാരന്‍ മുതല്‍ വ്യവസായ ഭീമന്‍ വരെ ഉള്ളവരുടെ ശവമായി 'അഭിനയിച്ച്‌' തകര്‍ക്കുകയായിരുന്നു സുജാതന്‍. വ്യാജ മദ്യദുരന്തം പ്രമേയമാക്കിയ 'വാറ്റില്‍ കൊഴിഞ്ഞ പൂക്കള്‍' എന്ന പടത്തില്‍ 7 വ്യത്യസ്ത ശവങ്ങളെ അവതരിപ്പിച്ച സുജാതനു ആ വര്‍ഷത്തെ മികച്ച സഹനടനുള്ള അവാര്‍ഡും ലഭിക്കയുണ്ടായി.

****************************************

അങ്ങനെയിരിക്കെ, ഒരിക്കല്‍ മരണം അവനെയും കീഴടക്കി. ശോകമൂകമായ ആ അന്തരീക്ഷം ഏതോ ഒരു സുജാതന്‍ സിനിമ പോലെ തോന്നിച്ചു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ആരാധകരില്‍ ഒരാള്‍ സുജാതന്റെ മൃതദേഹം നോക്കി നിന്ന സുഹൃത്തിനോട്‌ മന്ത്രിച്ചു.

"സിനിമേലാരുന്നു കൊറച്ചൂടെ ഒറിജിനാലിറ്റി..!!"

Monday, December 03, 2007

പോംവഴി

"ഞാന്‍ അപ്പോഴേ പറഞ്ഞതാ ശ്രദ്ധിക്കണമെന്നു. ഇനി എന്താ ചെയ്യുക, നിഖില്‍?" മഞ്ജുവിന്റെ മുഖത്തു വേവലാതി പരന്നു.

നിഖിലിന്‌ മറുപടി ഉണ്ടായിരുന്നില്ല. "തെറ്റു എന്റേതു തന്നെ. മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ ഒഴിവാക്കായിരുന്നു.."

"ഇതു ഒളിപ്പിച്ചു വെക്കാവുന്നതിനെക്കാള്‍ വളര്‍ന്നു നിഖില്‍..." മഞ്ജു, വയറിലേക്കു നോക്കി വിഷമിച്ചു.

"നമുക്കൊരു ഡോക്ടറെ കണ്ടാലോ മഞ്ജു? അധികം വൈകിയാല്‍ കുഴപ്പമാകില്ലേ എന്നാ എന്റെ സംശയം..!. അറിയില്ല, എന്തായാലും ഞാന്‍ ഒന്ന് ആലോചിക്കട്ടെ. വൈകിട്ടു കാണാം" നിഖില്‍ യാത്ര പറഞ്ഞു. മഞ്ജുവും തിരിഞ്ഞു നടന്നു.

* * * * * * * * * * * * * * * *

"മഞ്ജു, ഉടനെ കാണണം. വഴി കിട്ടിയിരിക്കുന്നു." നിഖിലിന്റെ ഫോണ്‍ വന്ന ഉടനെ, മഞ്ജു ഇറങ്ങി.

അവള്‍ വാഴത്തോപ്പില്‍ ചെന്നപ്പോള്‍ നിഖില്‍ കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ ആഹ്ലാദത്തോടെ അവന്‍ തന്റെ കൈ ഉയര്‍ത്തി കാണിച്ചു. മഞ്ജു അവന്റെ കൈയില്‍ ഇരുന്ന പുസ്തകത്തിന്റെ തലക്കെട്ടു വായിച്ചു: "കുടവയര്‍ കുറയ്ക്കാം, 21 ദിവസം കൊണ്ട്‌".

അവള്‍ അവന്റെ കണ്ണിലേക്കു നോക്കി മെല്ലെ ചിരിച്ചു.മറുപടി ആയി ഒന്നു ചിരിച്ച ശേഷം, നിഖില്‍ തന്റെ വയറിലേക്കു നോക്കി, പ്രതീക്ഷയോടെ...

[കണ്‍ഫ്‌യൂഷന്‍ ആയെങ്കില്‍ പറയണേ... നാളെത്തന്നെ അടിച്ചു കളഞ്ഞേക്കാം :)]

Thursday, November 29, 2007

കിനാവ്‌

ഈറന്‍ മുടിത്തുമ്പില്‍ നീലത്തുളസിയിട്ട-
ന്നവള്‍ കണ്മുന്നില്‍ വന്നു നിന്നു.

എന്തോ പറയുവാനാശിച്ചു ഹൃത്തടം,
വാക്കുകളൊന്നുമേ വന്നതില്ല.
കണ്ണാടിക്കവിളിലെ ചെന്നിറം കണ്ടൊരെന്‍,
മിഴികളും മറ്റെങ്ങും പോയതില്ല.
വെണ്മണിപ്പല്ലുകള്‍ കാട്ടിയ ചിരിയേറ്റ്‌,
ഉച്ചത്തിലായെന്റെ സ്പന്ദനങ്ങള്‍.

ആശങ്കയാല്‍ നീറിപ്പിടയുന്നു മാനസം,
അവളാരുടെയെങ്കിലും സ്വന്തമാണോ?
അവളെ പ്രണയിക്കാന്‍ തക്കവണ്ണം, എന്റെ
ആനനം ചാരുതയൊത്തതാണോ?

ചിന്തകളങ്ങനെ ചുറ്റിനും നില്‍ക്കവേ,
കയ്യിലെ ഇലച്ചീന്തു തുറന്നു പെണ്ണ്‌.
പൂവിതള്‍ പോലെ തുടുത്തൊരു വിരലിനാല്‍,
ചന്ദനമിത്തിരി തൊട്ടെടുത്തു.
നെറ്റിമേലൊന്നവള്‍ സ്പര്‍ശിക്കുവാനായി,
തന്മുഖം ഞാനോന്നു നീട്ടീടവേ,
കണ്‍കള്‍ തുറന്നതാ, മുറ്റത്തു പൊന്‍ വെയില്‍!
അയ്യോ!! ഹാ!! നേരം പുലര്‍ന്നു പോയി.

ഇന്നും കിനാവിലെ സുന്ദരിയോടെന്റെ,
അഭിലാഷമോതുവാനായതില്ല.
കണ്‍കളടച്ചൊന്നു വീണ്ടുമുറങ്ങി ഞാന്‍,
പിന്നെയുമാ കിനാവൊന്നു കാണാന്‍...

Wednesday, November 28, 2007

ചിരി

രാവിലെ ഓടിക്കിതച്ചാണു ബസ്‌ സ്റ്റോപ്പില്‍ എത്തിയതു. അപ്പോള്‍ മുതലേ അവള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 8:30ന്റെ അമ്മിണി മോട്ടോര്‍സ്‌ നിര്‍ത്താതെ പോയപ്പോഴും, പിച്ച കൊടുക്കാത്തതിനു ഒരു തെണ്ടി എന്നെ തെറി പറഞ്ഞപ്പോഴും അവള്‍ പൊട്ടി ചിരിച്ചു. അതു കാര്യമാക്കിയില്ലെങ്കിലും, പാഞ്ഞു പോയ എറണാകുളം ഫാസ്റ്റിന്റെ പിറകേ ഓടി, നെഞ്ചും തല്ലി നടു റോടില്‍ വീണപ്പോള്‍, അവള്‍ ചിരിച്ചതു എനിക്കത്ര പിടിച്ചില്ല. പെരുത്തു കയറിയ ദേഷ്യവുമായി 2 എണ്ണം പറയാന്‍ ചെന്ന എന്നെ, അവളുടെ കാലിലെ ചങ്ങലപ്പാടുകള്‍ പിടിച്ചു നിര്‍ത്തി. വന്ന അതേ വേഗതയില്‍ തിരിഞ്ഞു നടന്നപ്പോള്‍, അവള്‍ നിര്‍ത്താതെ ചിരിക്കുന്നുണ്ടായിരുന്നു........ നാട്ടുകാരും.

ബീഡി

ഒരു ബീഡി കത്തിക്കണമെന്ന ആഗ്രഹവുമായി നടക്കുമ്പോഴാണു അങ്ങകലെ കത്തിയ ബീഡിക്കുറ്റി കണ്ടതു. ഓടി അടുത്തു ചെന്നപ്പോള്‍, കണ്ടു, അതൊരു മിന്നാമിനുങ്ങായിരുന്നു. നിരാശയോടെ തിരിഞ്ഞു നടന്നപ്പോള്‍, മിന്നാമിനുങ്ങു ചോദിക്കുന്നു........... "ചേട്ടാ, ബീഡിയുണ്ടോ ഒരെണ്ണം എടുക്കാന്‍?"

Sunday, October 01, 2006

ഞാനും നീയും ആ മഴയും...

വേനലില്‍ ഒരു മഴപൊഴിഞ്ഞു കുളിര്‍ന്ന നാളില്‍

പാതയരികിലെ മരച്ചുവട്ടില്‍ കണ്ടു നിന്നെ ഞാന്‍



മുന്നിലേതു ചന്ദ്രികയെന്നോര്‍ത്തു പോയി ഞാന്‍

അന്നേ ചെമ്പകപ്പൂ വീണതൊക്കെ കോര്‍ത്തു വെച്ചൂ ഞാന്‍



കണ്‍കളെ നിന്നധരം നുകരാന്‍ ഭ്രമരമാക്കി ഞാന്‍

കൈകളെ നിന്നുടല്‍ തലോടാന്‍ തൂവലാക്കി ഞാന്‍



ആരുമാരും കാണാതെ പോയൊരു കാട്ടു പൂവുനീ

കണ്ട നേരം തന്നെയുള്ളില്‍ തേന്‍ ചൊരിഞ്ഞു നീ



തലചെരിച്ചു നിന്നെ നോക്കി ഞാന്‍ ചിരിച്ചപ്പോള്‍

ദൂരെയെങ്ങോ നോക്കി മെല്ലെ കണ്ണു ചിമ്മി നീ.



മിഴികള്‍ മാറ്റി ഞാനകലെ നോക്കിനിന്നപ്പോള്‍,

കണ്‍കള്‍ നീട്ടി എന്റെ നെര്‍ക്കു നോക്കിയില്ലേ നീ?



മഴ കഴിഞ്ഞു കുളിരു തീര്‍ന്നു തിരികെ നടന്നപ്പോള്‍

എന്റെ കവിളില്‍ മറ്റൊരു മഴ കണ്ടതില്ലേ നീ?



ഒട്ടു ദൂരം ചെന്നു പിന്നെ നീ തിരിഞ്ഞപ്പോള്‍

കരമുയര്‍ത്തി നിന്നെ നോക്കി യാത്ര ചൊല്ലി ഞാന്‍



പാതിരാവില്‍ കണ്ടു തീര്‍ന്ന സ്വപ്നമാണോ നീ

സത്യമാകാനുള്ള പുലരി പൊന്‍ കിനാവു നീ



മഴ വരുമ്പോളിനിയുമീ മരച്ചുവട്ടിലെത്തും ഞാന്‍

കുളിരു മാറ്റാന്‍ അന്നുമീവഴി ഒന്നു വരുമോ നീ