Talk To Me!!!

Sunday, October 01, 2006

ഞാനും നീയും ആ മഴയും...

വേനലില്‍ ഒരു മഴപൊഴിഞ്ഞു കുളിര്‍ന്ന നാളില്‍

പാതയരികിലെ മരച്ചുവട്ടില്‍ കണ്ടു നിന്നെ ഞാന്‍



മുന്നിലേതു ചന്ദ്രികയെന്നോര്‍ത്തു പോയി ഞാന്‍

അന്നേ ചെമ്പകപ്പൂ വീണതൊക്കെ കോര്‍ത്തു വെച്ചൂ ഞാന്‍



കണ്‍കളെ നിന്നധരം നുകരാന്‍ ഭ്രമരമാക്കി ഞാന്‍

കൈകളെ നിന്നുടല്‍ തലോടാന്‍ തൂവലാക്കി ഞാന്‍



ആരുമാരും കാണാതെ പോയൊരു കാട്ടു പൂവുനീ

കണ്ട നേരം തന്നെയുള്ളില്‍ തേന്‍ ചൊരിഞ്ഞു നീ



തലചെരിച്ചു നിന്നെ നോക്കി ഞാന്‍ ചിരിച്ചപ്പോള്‍

ദൂരെയെങ്ങോ നോക്കി മെല്ലെ കണ്ണു ചിമ്മി നീ.



മിഴികള്‍ മാറ്റി ഞാനകലെ നോക്കിനിന്നപ്പോള്‍,

കണ്‍കള്‍ നീട്ടി എന്റെ നെര്‍ക്കു നോക്കിയില്ലേ നീ?



മഴ കഴിഞ്ഞു കുളിരു തീര്‍ന്നു തിരികെ നടന്നപ്പോള്‍

എന്റെ കവിളില്‍ മറ്റൊരു മഴ കണ്ടതില്ലേ നീ?



ഒട്ടു ദൂരം ചെന്നു പിന്നെ നീ തിരിഞ്ഞപ്പോള്‍

കരമുയര്‍ത്തി നിന്നെ നോക്കി യാത്ര ചൊല്ലി ഞാന്‍



പാതിരാവില്‍ കണ്ടു തീര്‍ന്ന സ്വപ്നമാണോ നീ

സത്യമാകാനുള്ള പുലരി പൊന്‍ കിനാവു നീ



മഴ വരുമ്പോളിനിയുമീ മരച്ചുവട്ടിലെത്തും ഞാന്‍

കുളിരു മാറ്റാന്‍ അന്നുമീവഴി ഒന്നു വരുമോ നീ