Talk To Me!!!

Thursday, November 29, 2007

കിനാവ്‌

ഈറന്‍ മുടിത്തുമ്പില്‍ നീലത്തുളസിയിട്ട-
ന്നവള്‍ കണ്മുന്നില്‍ വന്നു നിന്നു.

എന്തോ പറയുവാനാശിച്ചു ഹൃത്തടം,
വാക്കുകളൊന്നുമേ വന്നതില്ല.
കണ്ണാടിക്കവിളിലെ ചെന്നിറം കണ്ടൊരെന്‍,
മിഴികളും മറ്റെങ്ങും പോയതില്ല.
വെണ്മണിപ്പല്ലുകള്‍ കാട്ടിയ ചിരിയേറ്റ്‌,
ഉച്ചത്തിലായെന്റെ സ്പന്ദനങ്ങള്‍.

ആശങ്കയാല്‍ നീറിപ്പിടയുന്നു മാനസം,
അവളാരുടെയെങ്കിലും സ്വന്തമാണോ?
അവളെ പ്രണയിക്കാന്‍ തക്കവണ്ണം, എന്റെ
ആനനം ചാരുതയൊത്തതാണോ?

ചിന്തകളങ്ങനെ ചുറ്റിനും നില്‍ക്കവേ,
കയ്യിലെ ഇലച്ചീന്തു തുറന്നു പെണ്ണ്‌.
പൂവിതള്‍ പോലെ തുടുത്തൊരു വിരലിനാല്‍,
ചന്ദനമിത്തിരി തൊട്ടെടുത്തു.
നെറ്റിമേലൊന്നവള്‍ സ്പര്‍ശിക്കുവാനായി,
തന്മുഖം ഞാനോന്നു നീട്ടീടവേ,
കണ്‍കള്‍ തുറന്നതാ, മുറ്റത്തു പൊന്‍ വെയില്‍!
അയ്യോ!! ഹാ!! നേരം പുലര്‍ന്നു പോയി.

ഇന്നും കിനാവിലെ സുന്ദരിയോടെന്റെ,
അഭിലാഷമോതുവാനായതില്ല.
കണ്‍കളടച്ചൊന്നു വീണ്ടുമുറങ്ങി ഞാന്‍,
പിന്നെയുമാ കിനാവൊന്നു കാണാന്‍...

Wednesday, November 28, 2007

ചിരി

രാവിലെ ഓടിക്കിതച്ചാണു ബസ്‌ സ്റ്റോപ്പില്‍ എത്തിയതു. അപ്പോള്‍ മുതലേ അവള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 8:30ന്റെ അമ്മിണി മോട്ടോര്‍സ്‌ നിര്‍ത്താതെ പോയപ്പോഴും, പിച്ച കൊടുക്കാത്തതിനു ഒരു തെണ്ടി എന്നെ തെറി പറഞ്ഞപ്പോഴും അവള്‍ പൊട്ടി ചിരിച്ചു. അതു കാര്യമാക്കിയില്ലെങ്കിലും, പാഞ്ഞു പോയ എറണാകുളം ഫാസ്റ്റിന്റെ പിറകേ ഓടി, നെഞ്ചും തല്ലി നടു റോടില്‍ വീണപ്പോള്‍, അവള്‍ ചിരിച്ചതു എനിക്കത്ര പിടിച്ചില്ല. പെരുത്തു കയറിയ ദേഷ്യവുമായി 2 എണ്ണം പറയാന്‍ ചെന്ന എന്നെ, അവളുടെ കാലിലെ ചങ്ങലപ്പാടുകള്‍ പിടിച്ചു നിര്‍ത്തി. വന്ന അതേ വേഗതയില്‍ തിരിഞ്ഞു നടന്നപ്പോള്‍, അവള്‍ നിര്‍ത്താതെ ചിരിക്കുന്നുണ്ടായിരുന്നു........ നാട്ടുകാരും.

ബീഡി

ഒരു ബീഡി കത്തിക്കണമെന്ന ആഗ്രഹവുമായി നടക്കുമ്പോഴാണു അങ്ങകലെ കത്തിയ ബീഡിക്കുറ്റി കണ്ടതു. ഓടി അടുത്തു ചെന്നപ്പോള്‍, കണ്ടു, അതൊരു മിന്നാമിനുങ്ങായിരുന്നു. നിരാശയോടെ തിരിഞ്ഞു നടന്നപ്പോള്‍, മിന്നാമിനുങ്ങു ചോദിക്കുന്നു........... "ചേട്ടാ, ബീഡിയുണ്ടോ ഒരെണ്ണം എടുക്കാന്‍?"