Talk To Me!!!

Thursday, November 29, 2007

കിനാവ്‌

ഈറന്‍ മുടിത്തുമ്പില്‍ നീലത്തുളസിയിട്ട-
ന്നവള്‍ കണ്മുന്നില്‍ വന്നു നിന്നു.

എന്തോ പറയുവാനാശിച്ചു ഹൃത്തടം,
വാക്കുകളൊന്നുമേ വന്നതില്ല.
കണ്ണാടിക്കവിളിലെ ചെന്നിറം കണ്ടൊരെന്‍,
മിഴികളും മറ്റെങ്ങും പോയതില്ല.
വെണ്മണിപ്പല്ലുകള്‍ കാട്ടിയ ചിരിയേറ്റ്‌,
ഉച്ചത്തിലായെന്റെ സ്പന്ദനങ്ങള്‍.

ആശങ്കയാല്‍ നീറിപ്പിടയുന്നു മാനസം,
അവളാരുടെയെങ്കിലും സ്വന്തമാണോ?
അവളെ പ്രണയിക്കാന്‍ തക്കവണ്ണം, എന്റെ
ആനനം ചാരുതയൊത്തതാണോ?

ചിന്തകളങ്ങനെ ചുറ്റിനും നില്‍ക്കവേ,
കയ്യിലെ ഇലച്ചീന്തു തുറന്നു പെണ്ണ്‌.
പൂവിതള്‍ പോലെ തുടുത്തൊരു വിരലിനാല്‍,
ചന്ദനമിത്തിരി തൊട്ടെടുത്തു.
നെറ്റിമേലൊന്നവള്‍ സ്പര്‍ശിക്കുവാനായി,
തന്മുഖം ഞാനോന്നു നീട്ടീടവേ,
കണ്‍കള്‍ തുറന്നതാ, മുറ്റത്തു പൊന്‍ വെയില്‍!
അയ്യോ!! ഹാ!! നേരം പുലര്‍ന്നു പോയി.

ഇന്നും കിനാവിലെ സുന്ദരിയോടെന്റെ,
അഭിലാഷമോതുവാനായതില്ല.
കണ്‍കളടച്ചൊന്നു വീണ്ടുമുറങ്ങി ഞാന്‍,
പിന്നെയുമാ കിനാവൊന്നു കാണാന്‍...

7 comments:

Murali K Menon said...

പണിക്കൊന്നും പോണ്ടട്ടാ ഇങ്ങനെ പെണ്ണ് ചന്ദനം തൊടുവിക്കുന്നതും കണ്ടിരുന്നോ!
ആ നേരം നേരത്തേ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോയിരുന്നെങ്കില്‍ ഒരെണ്ണം എപ്പഴേ യാഥാര്‍ത്ഥ്യമായേനെ. :))
ഇതിന് ഇത്രയേ ഉള്ളു. അടുത്തതില്‍ നോക്കാം കൂടുതല്‍ കമന്റാന്‍

അങ്കിള്‍ said...

:)

`````Shine```` said...

പണ്ടു എഴുതിയ കവിതയാ മുരളി ചേട്ടാ. കമന്റിനു നന്ദി. അങ്കിളേ ചിരി കൊള്ളാം ട്ടോ.. :)

ശ്രീ said...

നല്ല കിനാവ്.

ന്നാലും ആ കുറി തൊടുവിച്ച ശേഷം കണ്ണു തുറന്നാല്‍‌ പോരായിരുന്നോ?

;)

ദിലീപ് വിശ്വനാഥ് said...

കിനാവു കാണന്നെങ്കില്‍ ഇങ്ങനെ കാണണം.

`````Shine```` said...

ബാജി ഭായ്‌, ശ്രീയേട്ടാ, വാല്‍മീകി ഗുരോ.... എല്ലാവര്‍ക്കും നന്ദി... :)

പിന്നെ ശ്രീയേട്ടാ, അടുത്ത വട്ടം കാണുമ്പോ കുറി തൊട്ടിട്ടേ നമ്മള്‍ ഉണരൂ ;)

മന്‍സുര്‍ said...

ഷൈന്‍

നിനവിലെ കിനാക്കളുമായി
കിനാകണ്ടുറങ്ങുബോല്‍
കണ്ടൊരാ കിനാക്കളില്‍
ഒന്നുമേ സത്യമല്ലന്നറിയുബോല്‍
നീ വീണ്ടും കൊതിച്ചു...ആ കിനാക്കള്‍ കാണുവാന്‍

നല്ല കിനാവ്‌... അഭിനന്ദനങ്ങള്‍

ഈ വരികള്‍ മനോഹരം...

ഇന്നും കിനാവിലെ സുന്ദരിയോടെന്റെ,
അഭിലാഷമോതുവാനായതില്ല.
കണ്‍കളടച്ചൊന്നു വീണ്ടുമുറങ്ങി ഞാന്‍,
പിന്നെയുമാ കിനാവൊന്നു കാണാന്‍...

നന്‍മകള്‍ നേരുന്നു