Talk To Me!!!

Tuesday, September 23, 2008

അന്നാമ്മച്ചേടത്തിയും, അച്ചായനും പിന്നെ ഗൂഗിളും...

കാലത്തു ചന്തയില്‍ പോത്തു വാങ്ങാന്‍ പോയ,
അച്ചായനിപ്പോഴും എത്തിയില്ലേ??
അന്നാമ്മച്ചേടത്തിക്കാകെയങ്ങുള്ളിലൊര-
ങ്കലാപ്പതിയാനിതെങ്ങു പോയി?

വഴിനീളെ കുര്‍ബാന കഴിഞ്ഞു മടങ്ങും, പെണ്‍-
പിള്ളേര്‍ടെ വായ്‌ നോക്കി നിക്കയാണോ.?!
പള്ളിക്കവലേലെ ടോമിച്ചനോടൊത്ത്‌,
കത്തിയും വച്ചങ്ങിരിപ്പാകുമോ??
ഇനി വല്ല വണ്ടിയുമിടിച്ചു വഴിവക്കില്‍,
ബോധമില്ലാതങ്ങു വീണു പോയോ??

രണ്ടു ചങ്കത്തടി, പിന്നൊരു നിലവിളി,
അന്നാമ്മച്ചേടത്തിക്കാധി മൂത്തു.
വീട്ടുകാരും, പിന്നെ നാട്ടുകാരും കൂടെ,
നോക്കാനിറങ്ങീ അച്ചായനെ.
ചന്തയിലില്ല, ടോമിച്ചനും കണ്ടില്ല,
പോയവര്‍ തിരികെ മടങ്ങി വന്നു.

അലമുറയിട്ടുകൊണ്ടന്നാമ്മച്ചേടത്തി,
ബോധം കെടുവാനായ്‌ ആഞ്ഞ നേരം,
കൊച്ചുമോന്‍ ജോസൂട്ടി ചാടിവന്നലറന്നു,
"അച്ചായന്‍ കവലേലെ ഷാപ്പിലൊണ്ട്‌"

കമ്പ്യൂട്ടര്‍ മുറിയില്‍നിന്നിറങ്ങാത്ത കൊച്ചനെ,
നോക്കിയെല്ലാവരും ചോദ്യ ഭാവേ...

"ഗൂഗിളെന്നുള്ളൊരു സൂത്രമുണ്ടമ്മച്ചി,
എന്തോന്നു വേണേലും കണ്ടെത്തിടാം.
അച്ചാച്ചനെവിടെന്നു ചോദിച്ച മാത്രയില്‍,
ഗൂഗിളു പറയുന്നു ഷാപ്പിലൊണ്ട്‌.
ഷാപ്പിന്റെ അഡ്രസ്സ്സും, പോകാനായ്‌ വഴികളും,
ഷാപ്പിന്റെ മെനുപോലും ഒണ്ട്‌, നോക്ക്‌!!"

അതിശയം, ആഹ്ലാദം, ആശ്വാസവും പേറി,
അന്നാമ്മച്ചേടത്തി ചൊല്ലിമെല്ലെ,
"ഗൂഗിളോ, നോബിളോ ആരാകിലെങ്കിലും,
സംഗതി സൂപ്പര്‍ഡാ കൊച്ചുമോനേ...!!"

Wednesday, March 26, 2008

ഒറിജിനാലിറ്റി

ഒരു ജൂണിയര്‍ ആര്‍ട്ടിസ്റ്റ്‌ ആയിരുന്നു സുജാതന്‍. ഒരിക്കല്‍ അവന്‌ ഒരു മരണ രംഗത്ത്‌ ശവമായി അഭിനയിക്കാനുള്ള നിയോഗം ഉണ്ടായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൈ നിറയെ ചിത്രങ്ങള്‍.. പക്ഷേ എല്ലാത്തിലും വേഷം ശവത്തിന്റേതാണെന്നു മാത്രം. കടല വില്‍പ്പനക്കാരന്‍ മുതല്‍ വ്യവസായ ഭീമന്‍ വരെ ഉള്ളവരുടെ ശവമായി 'അഭിനയിച്ച്‌' തകര്‍ക്കുകയായിരുന്നു സുജാതന്‍. വ്യാജ മദ്യദുരന്തം പ്രമേയമാക്കിയ 'വാറ്റില്‍ കൊഴിഞ്ഞ പൂക്കള്‍' എന്ന പടത്തില്‍ 7 വ്യത്യസ്ത ശവങ്ങളെ അവതരിപ്പിച്ച സുജാതനു ആ വര്‍ഷത്തെ മികച്ച സഹനടനുള്ള അവാര്‍ഡും ലഭിക്കയുണ്ടായി.

****************************************

അങ്ങനെയിരിക്കെ, ഒരിക്കല്‍ മരണം അവനെയും കീഴടക്കി. ശോകമൂകമായ ആ അന്തരീക്ഷം ഏതോ ഒരു സുജാതന്‍ സിനിമ പോലെ തോന്നിച്ചു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ആരാധകരില്‍ ഒരാള്‍ സുജാതന്റെ മൃതദേഹം നോക്കി നിന്ന സുഹൃത്തിനോട്‌ മന്ത്രിച്ചു.

"സിനിമേലാരുന്നു കൊറച്ചൂടെ ഒറിജിനാലിറ്റി..!!"